Blog Image
14 Jan
2021

കോവിഡ് വാക്സിൻ എന്ന ശുഭപ്രതീക്ഷയിലേക്ക് ഉറ്റു നോക്കുമ്പോൾ

പ്രതീക്ഷിച്ചതിലും നേരത്തേ കോവിഡ് 19 നെതിരെയുള്ള വാക്സിൽ രാജ്യത്തെത്തി കഴിഞ്ഞു. മുൻപെങ്ങും അനുഭവിച്ചിട്ടില്ലാത്ത ഒരു അവസ്ഥയിലൂടെ നാം ഓരോരുത്തരും കടന്നുപോകുന്നത്. വാക്സിന്റെ കാര്യത്തിലുമതെ. അതു കൊണ്ടു തന്നെ വാക്സിനെ കുറിച്ചു അടിസ്ഥാനപരമായ കാര്യങ്ങൾ നമുക്ക് അറിയേണ്ടിയിരിക്കുന്നു.

❓ എന്താണ് വാക്സിൻ

✅ രോഗാണുവിനെയോ അതിന്റെ ഏതെങ്കിലും ഒരു ഭാഗത്തേയോ മുഴുവനുമായോ ഭാഗികമായോ നിർവീര്യമാക്കിയിട്ട് അല്ലെങ്കിൽ രോഗാണുവിന്റെ ജനിതകവസ്തു ഉപയോഗിച്ചാണ് വാക്സിൻ തയ്യാറാക്കുന്നത്. അതിനെ ശരീരത്തിലേക്ക് കയറ്റി വിടുമ്പോൾ, ശരീരം അന്യവസ്തുവിനെ തിരിച്ചറിയുകയും അതിനെതിരെയുള്ള ആന്റിബോഡീസ് എന്ന പടയാളികളെ നിർമ്മിക്കുകയും ചെയ്യുന്നു. പക്ഷേ രോഗമുണ്ടാക്കാനുള്ള കെല്പ് ഇവ ( രോഗാണു ഭാഗങ്ങൾക്ക് ) യ്ക്കില്ലാത്തതിനാൽ വാക്സിൻ എടുക്കുന്ന ആൾ രോഗബാധിതനാവുന്നുമില്ല. പിന്നീട് ഒരിക്കൽ രോഗാണു ശരീരത്തിലേക്ക് കടക്കാൻ ഇടയായാൽ ഈ ആന്റിബോഡീസ് ഒരു പ്രതിരോധ കവചമായി വർത്തിക്കുകയും ചെയ്യുന്നു. ഇതാണ് എല്ലാ വാക്സിനുകളുടേയും അടിസ്ഥാന തത്ത്വം.

❓ ഏതൊക്കെ രോഗങ്ങൾക്കെതിരെയുള്ള വാക്സിനുകളാണ് നിലവിലുള്ളത്

✅ നൂറ്റാണ്ടുകൾക്കു മുൻപു തന്നെ തുടങ്ങിയ വസൂരി മുതൽ ഒട്ടനവധി രോഗങ്ങൾക്ക് വാക്സിൻ നിലവിലുണ്ട്. ഉദാ. തൊണ്ട മുള്ള്, പോളിയോ, ക്ഷയം. വിശദമായി പിന്നീടു പറയാം.

❓ വിചാരിച്ചതിനും നേരെത്തേ കൊവിഡ് വാക്സിൻ വന്നു. ഇത്ര കാലയളവ് മതിയോ വാക്സിൻ വികസിപ്പിക്കാൻ

✅ കൊറോണ വൈറസിന്റെ മറ്റു പല സ്ട്രയിനുകൾ (വകഭേദങ്ങൾ) മുഖേന വന്ന രോഗങ്ങളാണ് സാർസ് (severe acute respiratory syndrome), മെർസ് (middle East respiratory syndrome) തുടങ്ങിയവ. അവയ്ക്കെതിരെയുള്ള പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതിൽ നിന്നെല്ലാം കിട്ടിയ വിവരങ്ങൾ കോവിഡ് 19 വാക്സിന്റെ നിർമിച്ചെടുക്കാൻ സഹായകമായി

❓ എത്ര തരം കോവിഡ് 19 വാക്സിനുകളാണ് നിലവിൽ വന്നിട്ടുളളത്

✅ ഒട്ടേറെ എണ്ണം നിലവിലുണ്ട്. അതിലുമേറെ പരീക്ഷണങ്ങളിലൂടെ കടന്നുപോയി കൊണ്ടിരിക്കുന്നു.

❓ പരീക്ഷണങ്ങളെന്നു വെച്ചാൽ

✅ മനുഷ്യർക്കു മുൻപ് മൃഗങ്ങളിൽ പരീക്ഷിക്കും അതിനു ശേഷം സ്വയം സമ്മതം നൽകുന്ന മനുഷ്യരിലും. അതും പല ഘട്ടങ്ങളായിട്ടാണ് നടത്തുക. വ്യക്തമായ നിയമങ്ങളും മാർഗനിർദ്ദേശങ്ങളും പാലിച്ചു കൊണ്ടായിരിക്കും ഇതെല്ലാം ചെയ്യുന്നത്.

❓ ഇന്ത്യയിൽ കിട്ടാൻ പോകുന്ന വാക്സിൻ ഏതൊക്കെ ആയിരിക്കും.

✅ പ്രധാനമായും മൂന്നെണ്ണം
1. കോവിഷീൽഡ് - ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ വികസിപ്പിച്ചത്. അസ്ട്ര സെനക്ക എന്ന കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് വിതരണത്തിനു തയ്യാറായി നമ്മുടെ സംസ്ഥാനത്ത് എത്തിയിരിക്കുന്നു.
ഫലപ്രദം - 70% വരെ
സൂക്ഷിക്കേണ്ട താപനില - 2 - 8 °C

2. കോവാക്സിൻ - ഇന്ത്യൻ നിർമിതം. ഹൈദരാബാദിലെ ഭാരത് ബയോടെക് വികസിപ്പിച്ചത്. മൂന്നാം ഘട്ട ട്രയൽ കഴിഞ്ഞിട്ടില്ലാത്തതു കൊണ്ട് ജനങ്ങൾക്കു കൊടുക്കുന്നതിലെ ധാർമിക വശം ആലോചിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഒരു എമർജൻസി അവസ്ഥയിൽ ഉപയോഗിക്കാൻ വേണ്ടി മാറ്റിവെയ്ക്കുമെന്ന് പറയപ്പെടുന്നു.
ഫലപ്രദം - ശതമാനകണക്ക് കമ്പനി പുറത്തുവിട്ടിട്ടില്ല.
സൂക്ഷിക്കേണ്ട താപനില 2 - 8 °C

3. ഫൈസർ ബയോൻടെക് വാക്സിൻ - യു.കെയിൽ കൊടുത്തു കൊണ്ടിരിക്കുന്നത് ഇതാണ്. എം.ആർ എൻ.എ എന്ന ജനിതകവസ്തുവാണ് ഇതിലെ ഘടകം.
ഫലപ്രദം - 90-95% വരെ
സൂക്ഷിക്കേണ്ടതാപനില - മൈനനസ് 70 °C.

❓ വാക്സിൻ സൂക്ഷിക്കേണ്ട താപനിലയ്ക്ക് എന്താണ് ഇത്ര പ്രാധാന്യം

✅എല്ലായ്പ്പോഴും പ്രത്യേക താപനിലയിൽ സൂക്ഷിക്കാത്ത പക്ഷം വാക്സിന്റെ ഗുണം പാടേ നഷ്ടപ്പെടും. നിർമാണ സ്ഥലത്തു നിന്നും സ്വീകരിക്കേണ്ട വ്യക്തിയുടെ അടുത്തെത്തുന്നതു വരെ (ഇതിനെ നമ്മൾ കോൾഡ് ചെയിൻ എന്നാണ് പറയുക) താപനില കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കോവി ഷീൽഡ് , കോവാക്സിൻ ഇവ രണ്ടിനും ഇന്ത്യയിൽ മറ്റു ഒട്ടുമിക്ക വാക്സി നുകളും സൂക്ഷിക്കുന്ന 2-8 °C താപനില മതി. അതു കൊണ്ട് ആളുകളിലക്ക് എത്തിക്കുന്ന എളുപ്പമാണ്. ഫൈസർ വാക്സിൻ ആണെങ്കിൽ കൂടുതൽ ഉപകരണങ്ങളും സജ്ജീകരണങ്ങളും വേണ്ടി വരും.

❓ പുതിയ രൂപമാറ്റം വന്ന കോവിഡ് വൈറസിനു എതിരെ ഈ വാക്സിൻ മതിയാവുമോ

✅ മതിയാവുമെന്നാണ് നിഗമനം. പക്ഷേ, ഭാവിയിൽ വളരെ വ്യത്യസ്തമായ മ്യൂട്ടേഷൻ ( രൂപമാറ്റം) വരുകയാണെങ്കിൽ ചിലപ്പോൾ പറ്റിയെ ന്നു വരില്ല.

❓ എത്ര ഡോസ്
✅ രണ്ടു ഡോസ് 4 ആഴ്ച ഇടവേളയിൽ. കൈയിലെ മസിലിൽ ആണു കൊടുക്കുക

❓ ദോഷഫലങ്ങൾക്കു സാദ്ധ്യതയുണ്ടോ

✅ പഠനങ്ങൾ അടിസ്ഥാനമാക്കി നോക്കുമ്പോൾ കാര്യമായ ദോഷഫലങ്ങൾ ഒന്നും തന്നെയില്ല. ചെറിയ പനി, ശരീര വേദന, കുത്തിവെച്ച സ്ഥലത്ത് വേദന, തടിപ്പ് ഇവ വരാം. മറ്റു പാർശ്വഫലങ്ങൾ എന്തെങ്കിലുമുണ്ടാവുമോ എന്നത് കർശനമായി നിരീക്ഷിക്കേണ്ടിവരും.
അലർജി എന്നത് ഓരോ വസ്തുവിനോടും ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഓരോ വ്യക്തിയിലും ഇത് വ്യത്യസ്ഥമാണ്. അതുകൊണ്ട് തന്നെ ഒരു വാക്സിന്റെ മാത്രം ദൂഷ്യ ഫലമായി നമുക്കിതിനെ പറയാൻ പറ്റില്ല.

❓കോവിഡ് ബാധിച്ച / അല്ലെങ്കിൽ രോഗം മാറിയ ഒരു വ്യക്തി വാക്സിൻ എടുക്കണോ

✅കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന ഒരാൾക്ക് രോഗം മാറി രണ്ടാഴ്ചയ്ക്കു ശേഷം വാക്സിൻ സ്വീകരിക്കാം.

❓ ആരെയൊക്കെയാണ് കുത്തിവെപ്പിൽ നിന്ന് ഒഴിവാക്കായിരിക്കുന്നത്.

✅ തത്കാലം ഗർഭിണികളേയും 18 വയസിനു താഴെയുള്ളവരെയുമാണ് ഒഴിവാക്കിയിരിക്കുന്നത്. ബാക്കി എല്ലാവരും പ്രായം ചെന്നവരും, മറ്റു ഗുരുതര രോഗമുള്ളവരും വാക്സിൻ എടുക്കണം.

❓ ഏകദേശം ഒരു ഡോസ് വാക്സിന് ചിലവ് എത്ര വരും

✅ സൗജന്യമായിട്ട് കൊടുക്കാനാണ് പദ്ധതി. സ്വകാര്യ വിപണിയിൽ ആയിരം രൂപയോട് അടുത്താവും ചിലവ്.

❓ ഈ ഒരു ഘട്ടം കഴിഞ്ഞാൽ എല്ലാവരും സുരക്ഷിതരാവുമോ

✅ ഒരിക്കലും ഇല്ല. വ്യാപകമായി വാക്സിൻ നൽകി 70% ആളുകൾക്ക് പ്രതിരോധ ശേഷി (ഹേഡ് ഇമ്മ്യൂണിറ്റി അഥവാ സാമൂഹിക പ്രതിരോധ ശേഷി ) ലഭിച്ചാൽ മാത്രമേ വൈറസ് പകരാനുള്ള സാധ്യത കുറയുകയുള്ളൂ.
അതുകൊണ്ടു തന്നെ ഇതു വരെ നാം ഓരോരുത്തരും ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങൾ സാമൂഹിക അകലം പാലിക്കുന്നത്, മാസ്ക്, വ്യക്തിശുചിത്വം, കൈകളുടെ ശുചിത്വം എന്നിവയെല്ലാം കർശനമായി തുടരുക തന്നെ വേണം.

കോവിഡിനെ നിയന്ത്രിക്കാൻ നമ്മുടെ വാക്സിനാവുമെന്ന ശുഭപ്രതീക്ഷയിൽ, സുവർണ പ്രതീക്ഷയിൽ

ഡോ ബിന്ദു.