Blog Image
31 Jan
2021

കോവിഡ് കാലത്തെ പൾസ് പോളിയോ ദിനം ജനുവരി 31

എല്ലാ വർഷവും ഒരു നിശ്ചിത ദിവസം 5 വയസുവരെയുള്ള കുട്ടികൾക്ക് പോളിയോ വാക്സിൻ കൊടുക്കുന്നതിനെയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി എന്ന് വിളിക്കുന്നത്.
1995 മുതൽ നമ്മുടെ നാട്ടിൽ ഇത് പ്രാവർത്തികമാക്കിയിട്ടുണ്ട്. 2011 മുതൽ ഇന്ത്യയിൽ പോളിയോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പൾസ് പോളിയോ പ്രോഗ്രാം തുടരാൻ കാരണം, അയൽ രാജ്യങ്ങളിൽ പോളിയോ രോഗം നിലനിൽക്കുന്നതു കൊണ്ട് എപ്പോൾ വേണമെങ്കിലും നമ്മുടെ രാജ്യത്തും ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ് എന്നത് കൊണ്ടാണ്.

ഈ കോവിഡ് കാലത്ത് പൾസ് പോളിയോ വാക്സിൻ സ്വീകരിക്കാൻ പോകുമ്പോൾ നാം പാലിക്കേണ്ട ചില കാര്യങ്ങൾ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്

📌സാധാരണത്തെപ്പോലെ നഴ്സ് കുട്ടിയുടെ വായ തുറന്ന് മരുന്ന് തരികയാവില്ല ഇപ്രാവശ്യം. നിങ്ങൾ തന്നെയാണ് കുഞ്ഞിനെ മടിയിലിരുത്തി വായ തുറന്നു കൊടുക്കേണ്ടത്. കുഞ്ഞിന്റെ കാലുകൾ നിങ്ങളുടെ കാലിനിടയിൽ വെച്ച് , ഒരു കൈ കൊണ്ട് കുഞ്ഞിന്റെ കൈകളും പിടിച്ച് മറു കൈ കൊണ്ട് വായ തുറന്നു കൊടുക്കണം. സ്വന്തമായി വായ തുറക്കാൻ മടി കാണിക്കുന്ന കുട്ടികളുടെ കാര്യത്തിലാണേ ഈ പറഞ്ഞത്.
പരസ്പര സമ്പർക്കം കുറയ്ക്കുന്നതിനായി , നഴ്സ് വന്ന് നിങ്ങളെയോ കുഞ്ഞിനെയോ സ്പർശിക്കാതെ വായിൽ മരുന്ന് ഉറ്റിച്ചു തരുകയായിരിക്കും ചെയ്യുക

📌 മാസ്ക് മൂക്കും വായയും മൂടുന്ന രീതിയിൽ കുട്ടിയും കൂടെയുള്ളവരും ധരിക്കണം

📌എല്ലായ്പ്പോഴും സാമൂഹിക അകലം പാലിക്കുക

📌കുട്ടിയുടെ കൂടെ ഒരാൾ മതി

📌60 വയസ്സിനു മുകളിലുള്ളവർ പോകരുത്

📌ആരോഗ്യ പ്രവർത്തകർ നിശ്ചയിച്ച് നൽകിയ സമയത്ത് തൊട്ടടുത്തുള്ള ബൂത്തിൽ പോകുക

📌ബൂത്തിൽ പോകുന്നതിനു മുൻപും ശേഷവും കൈ വൃത്തിയാക്കുക

📌പനി, ചുമ ജലദോഷം എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ ബൂത്തിൽ കുട്ടിയേയും കൊണ്ട് പോകരുത്.

📌വീട്ടിൽ കോവി ഡ് ബാധിച്ച വ്യക്തിയുണ്ടെങ്കിൽ ഫലം നെഗറ്റീവ് ആയി 14 ദിവസം കഴിഞ്ഞ് മാത്രം വീട്ടിലെ കുട്ടിയ്ക്ക് പോളിയോ തുള്ളി മരുന്ന് നൽകാം.

📌കുട്ടിയ്ക്കാണ് കോവിഡ് രോഗ ബാധയെങ്കിൽ ഫലം നെഗറ്റീവ് ആയി നാലാഴ്ചയ്ക്കു ശേഷം മാത്രം തുള്ളി മരുന്ന് നൽകാം.

📌കണ്ടെയ്ൻമെന്റ് സോണി ലാണെങ്കിൽ, നിയന്ത്രണം നീക്കിയ ശേഷം മരുന്ന് നൽകാം.

📌നവജാത ശിശുക്കൾക്കും മരുന്ന് കൊടുക്കണം.

ഒരുമിച്ച് നിൽക്കാം
പോളിയോ നിർമാർജ്ജനത്തിനായി

✍️
ഡോ. ബിന്ദു പ്രസൻ